ഷിക്കാഗോ: മിഷിഗണിലെ വെസ്റ്റ് ബ്ലൂംഫീൽഡിലുള്ള 'ടെമ്പിൾ ഇസ്രായേൽ' സിനഗോഗിന് നേരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഷിക്കാഗോ നഗരത്തിലും പരിസരപ്രദേശങ്ങളിലും സുരക്ഷാ നിരീക്ഷണം ശക്തമാക്കി. ജൂത ആരാധനാലയങ്ങൾക്കും സ്കൂളുകൾക്കും പ്രത്യേക സുരക്ഷ നൽകാനാണ് ഷിക്കാഗോ പോലീസിന്റെ തീരുമാനം.
വ്യാഴാഴ്ച ഉച്ചയോടെയാണ് മിഷിഗണിലെ പ്രശസ്തമായ ജൂത ആരാധനാലയത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനവുമായി അക്രമി ഇരച്ചുകയറിയത്. റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത അക്രമി, കെട്ടിടത്തിനുള്ളിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു. ലെബനിലെ ഇസ്രയേൽ ആക്രമണത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടയാളാണ് പ്രതി. ഈ ആക്രമണത്തെ "ജൂത സമൂഹത്തിന് നേരെ ലക്ഷ്യം വെച്ചുള്ള അക്രമം" എന്നാണ് എഫ്.ബി.ഐ വിശേഷിപ്പിച്ചത്.
സിനഗോഗുകൾ, ജൂത സ്കൂളുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിൽ ഷിക്കാഗോ പോലീസ് പട്രോളിംഗ് വർദ്ധിപ്പിച്ചു. ഷിക്കാഗോയുടെ വടക്കൻ പ്രാന്തപ്രദേശങ്ങളായ ഹൈലാൻഡ് പാർക്ക്, നോർത്ത്ഫീൽഡ് എന്നിവിടങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.